---
title: "പാനൂരിൽ ജനതാദൾ നേതാവായ വയോധികന് മർദ്ദനം ; സി പി എം പ്രവർത്തകരായ അച്ഛനും, മകനുമെതിരെ പരാതി"
english_title: "Janata Dal leader Vyodhikan thrashed in Panur; Complaint against CPM workers father and son"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159210/Janata Dal leader Vyodhikan thrashed in Panur; Complaint against CPM workers father and son"
published_at: "2023-11-03T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544cbc8c3d45_IMG-20231103-WA0048.jpg"
keywords: []
---

# പാനൂരിൽ ജനതാദൾ നേതാവായ വയോധികന് മർദ്ദനം ; സി പി എം പ്രവർത്തകരായ അച്ഛനും, മകനുമെതിരെ പരാതി

> **Lead Summary:** പാനൂരിൽ ജനതാദൾ നേതാവായ വയോധികന് മർദ്ദനം ; സി പി എം പ്രവർത്തകരായ അച്ഛനും, മകനുമെതിരെ പരാതി

## Article Content

പാനൂരിൽ ജനതാദൾ നേതാവായ വയോധികന് മർദ്ദനം ; സി പി എം പ്രവർത്തകരായ അച്ഛനും, മകനുമെതിരെ പരാതി

ചൊക്ലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മേനപ്രം തുണ്ടായി മുക്കിന് സമീപം പാറേമ്മൽ സി.എം.ഗംഗാധരനാണ് പരിക്കേറ്റത്.

ലോക്താന്ത്രിക് ജനതാദളിൻ്റെ തലശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റായിരുന്ന ഗംഗാധരൻ സജീവ പ്രവർത്തകൻ കൂടിയാണ്. കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം 5.30നാണ് ഗംഗാധരന് മർദ്ദനമേറ്റത്. ലക്ഷ്മി വിലാസം എൽ പി സ്കൂളിന് സമീപത്തെ പാറേമ്മൽ റോഡിൽ മണ്ണിറക്കി ഗതാഗതം തടസ്സപ്പെടുത്തിയത് അന്വേഷിക്കാൻ എത്തിയപ്പോഴാണ് ഗംഗാധരന് മർദ്ദനമേറ്റത്. ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള സിഎം ഓയിൽ മില്ലിന് സമീപം 6 ലോഡ് മണ്ണിറക്കിയത് ഗംഗാധരൻ ചോദ്യം ചെയ്തിരുന്നു.

വീടുപൊളിച്ച മാലിന്യങ്ങളും പാറക്കല്ലുകളും ആണ് റോഡിൽ ഇറക്കിയത്. കുഞ്ഞിപ്പറമ്പത്ത് പുരുഷോത്തമനും, മകൻ തമ്പിയും ചേർന്നാണ് മർദ്ദിച്ചതെന്ന് ഗംഗാധരൻ ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. തന്റെ വീടിനു മുന്നിൽ മണ്ണിറക്കി റോഡ് ഉയർത്തുകയും, ലക്ഷ്മി വിലാസം സ്കൂളിന്റെ സമീപത്തുനിന്ന് പാറേമ്മൽ വഴി തുണ്ടായി മുക്കിലേക്കുള്ള വഴി തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ വെള്ളമൊഴുക്ക് നിലക്കുകയും, മഴപെയ്തപ്പോൾ വെള്ളം മുഴുവൻ ഓയിൽ മില്ലിലേക്കും ഗംഗാധരന്റെ വീട്ടുവളപ്പിലേക്കും ഒഴുകി എത്തുകയും ചെയ്തു.

ഇത് ഗംഗാധരൻ ചോദ്യം ചെയ്തപ്പോഴാണ് ഗംഗാധരന് മർദ്ദനമേറ്റത്. മണ്ണിറക്കിയതിനുശേഷം വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. നേരത്തെ വെള്ളം പാറ കുളത്തിലേക്കാണ് ഒഴുകിയിരുന്നത്.പാറക്കുളത്തിലേക്കുള്ള ഒഴുക്കാണ് മണ്ണിട്ടത് കാരണം തടസ്സപ്പെട്ടത്. പാറേമ്മൽ റോഡിലൂടെ പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും യാത്ര ചെയ്യാൻ കഴിയാതെ വന്നിരിക്കുകയാണ്.

പരിക്കേറ്റ സി.എം. ഗംഗാധരനെ പള്ളൂർ ഗവ : ആശുപത്രിയിലും , തലശ്ശേരി ഇന്ദിര സഹകരണ ആശുപത്രിയിലും , പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഗംഗാധരന്റെ തലക്കും നെഞ്ചിനും സാരമായ പരിക്കുണ്ട്. ഗംഗാധരന്റെ സ്മാർട്ട്ഫോൺ എറിഞ്ഞു തകർക്കുകയും ചെയ്തു. പരാതിയിൽ ചൊക്ലി പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159210/Janata Dal leader Vyodhikan thrashed in Panur; Complaint against CPM workers father and son)